Tuesday, 14 March 2017

Ncc Trekking Experience 07-01-2017- Part,1


Ncc Trekking- Experience

പുതുവർഷത്തിലെ ഏഴാം ദിനം,പോകാൻ മടിച്ചു നിന്ന ഇരുട്ടിനെ വകഞ്ഞുമാറ്റി പതുക്കെ വന്ന വെളിച്ചത്തിന്റെ ആലസ്യത്തിൽ നിന്ന് ഞാൻ ഉണർന്നത്  എന്റെ കൂട്ടുകാരുടെ നടുവിലായിരുന്നു.ഭാഗ്യം എന്നുപറയട്ടേ അതൊരു KSRTC ബസ് ആയിരുന്നു.
കുണ്ടും കുഴിയും നിറഞ്ഞ റോഡിനു ചുറ്റും മഞ്ഞു പുതച്ച് കൂഞ്ഞികൂടിയുറങ്ങുന്ന കാപ്പിച്ചെടികളേയും തേക്കുകളേയും കരിമ്പനകളേയും കുരുമുളക് വള്ളികളേയും തോർത്തുടുത്ത് വിറങ്ങലിച്ചു നിൽക്കുന്ന വാഴക്കുട്ടങ്ങളേയും വകഞ്ഞുമാറ്റി ബസ് കുലുങ്ങി താളമൊപ്പിച്ച് കുതിക്കുകയാണ്. 
മനോഹരമായ ആ യാത്ര അതിന്റെ പരിസമാപ്തിയിൽ എത്തിയത് നാരോക്കടവിൽ ആയിരുന്നു. 
നാരോക്കടവ്;വയനാടിന്റെ മുഴുവൻ സൗന്ദര്യത്തെയും പേറുന്ന എന്നാൽ തെല്ലും ജാഡ കാണിക്കാത്ത നിശബ്ദയായ് പുഞ്ചിരിയ്ക്കാൻ മാത്രമറിയുന്ന പെൺകുട്ടിയെന്നു വിളിച്ചാൽ അതിൽ തെല്ലും അതിശയോക്തി കലരില്ല..എനിക്കുറപ്പാണ്.
ഞങ്ങളുടെ ശബ്ദങ്ങൾ മാറ്റി നിർത്തിയാൽ ആ ഗ്രാമം തീർത്തും നിശബ്ദമാണ്. 
ഇടയ്ക്കിടെ അതിന്റെ നിശബ്ദത മുറിയ്ക്കുന്നത് നേരത്തെ പറഞ്ഞ ഞങ്ങളെ കൊണ്ടുവന്ന ഇടയ്ക്കു മുരളുന്ന,കഷ്ടപ്പെട്ടു ശ്വാസം വലിച്ചെടുക്കുന്ന,ഇടവിടാതെ പുക ചർദ്ദിക്കുന്ന കിഴവൻ KSRTC ആണ്.
ഞങ്ങൾ നേരേ പോയത് അതുലിന്റെ(su/o) വീട്ടിലേക്കായിരുന്നു.
നിഷ്കളങ്കമായ് ചിരിയ്ക്കുന്ന അമ്മ, ക്വാറിയിൽ കല്ലിനെ വേദനിപ്പിക്കുന്ന അച്ഛൻ, അനിയൻ,അനിയത്തി ഇതായിരുന്നു അതുലിന്റെ കുടുംബം.
അമ്മയുടെ പാൽകാപ്പിയ്ക്ക് ഞങ്ങളെ എളുപ്പം കൈയ്യിലെടുക്കാൻ കഴിഞ്ഞു. ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഡെന്നീസ് സാറിന്റെ(ANO) നിർദ്ദേശങ്ങൾക്ക് ചെവികൊടുത്തു. 

"നിശബ്ദമായ് പ്രകൃതിയുടെ താളത്തിനു കാതോർക്കൂ" 
കുറഞ്ഞ വാക്കുകളിൽ സാർ പറഞ്ഞവസാനിപ്പിച്ചു. 
ഇതിനിടയിൽ ഷട്ടിൽ ബാറ്റുകൊണ്ട് ക്രിക്കറ്റ് കളിച്ച് മഹേഷ് ഞങ്ങൾക്ക്് വല്ലാത്തൊരു ചിരിമധുരം സമ്മാനിച്ചു.
ബാഗിൽ ഭക്ഷണസാധനങ്ങൾക്കൊപ്പം അത്യാവിശത്തിനു വേണ്ട മെഡിസിനുകളും എടുത്ത് വച്ച് തോളത്തു കേറ്റി യാത്ര ആരംഭിച്ചു.


അതുലിന്റെ അമ്മയും സഹോദരങ്ങളും ഞങ്ങൾക്കൊപ്പം ചേർന്നു. അമ്മ മുൻപിൽ നിന്ന് ഞങ്ങളെ നയിച്ചപ്പോൾ അനിയനും അനുജത്തിയും സംരക്ഷകരെന്നവണ്ണം പിന്നാലെ നടന്നു.
കൗതുകം തുടങ്ങുന്നത് ആദ്യ ഇരുപതടിയ്ക്കുള്ളിൽ തന്നെ ആയിരുന്നു ഉരുളൻ പാറക്കല്ലുകൾക്കൊണ്ട് ആരോ ഡിസൈൻ ചെയ്തുവച്ച കുഞ്ഞ് തോട് ആവേശത്തോടെ കുറുക്കെ നടന്നപ്പോൾ തെളിവെള്ളത്തിൽ നിന്ന് നെറ്റിപൊട്ടനും ഗപ്പിയും തോടനും ഹാപ്പി ജേർണിയെന്ന് ഉറക്കേ വിഷ് ചെയ്തു..മൈൻഡാക്കാതെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഞങ്ങൾ വേഗം നടന്നു..

കയറ്റം തുടങ്ങുകയാണ്..കുത്തനെയുള്ള   കയറ്റം.ഇതിനൊരവസാനമില്ലേ പലയിടങ്ങളിൽ നിന്നായ് ഈ ചോദ്യം ആവർത്തിച്ചു പൊന്തിവരൂന്നുണ്ടായിരുന്നു.
ഇവിടുന്ന് കൈ പൊക്കിയാൽ മേഘത്തെ തൊടാം ആരോ പറഞ്ഞു..ആരും കൈ ഉയർത്തുന്നതു ഞാൻ കണ്ടില്ല..അവർക്ക് മേഘം അന്യമായി തുടങ്ങിയോ..! അല്ല; ഇതിലും വലിയ ആകാശത്തിലെവിടെയോ ആയിരിയ്ക്കാം അവർക്ക് സ്വന്തമാക്കേണ്ട മേഘങ്ങൾ..
ചിന്തകൾ ആകാശം തൊടുന്നു.

കയറ്റം കൊണ്ടെത്തിക്കുന്നത് വലിയൊരു ക്വാറിക്കരികേയാണ്. 
പൊടിപറത്തി പാഞ്ഞുപോകുന്ന ടിപ്പർ ലോറികൾ,ആവേശത്തോടെ കുന്നിടിച്ചു കളിക്കുന്ന ഹിറ്റാച്ചി,കല്ലുപൊട്ടിക്കുന്നവർ ഞങ്ങളെ ആകർഷിച്ചത് ക്വാറിയിൽ രൂപപ്പെട്ട വലിയൊരു വെള്ളക്കെട്ടാണ്..
ഒരു ടിപ്പർ ലോറിയിൽ കയറിപ്പോയ ശരീരത്തെ ഓർത്ത് അവൾ ഒഴുക്കിയ കണ്ണീരാണക്കുളം എന്ന് പറഞ്ഞാൽ അതിലെ ആത്മാർതഥ ഊഹിക്കാവുന്നതേയുള്ളൂ... 
ഞാൻ മനപ്പൂർവ്വം
 മനസ്സിനെ ചിന്തകളേ മറ്റു പലതിലേക്കും പറഞ്ഞു വിട്ടു. 
മുൻപൊരിക്കൽ കിടന്ന ആശുപത്രിയിലെ ജനറൽ വാർഡിലെന്നവണ്ണം തിരക്കിനിടയിലും വ്യക്തമായ് കേൾക്കുന്ന ചില തേങ്ങലുകൾ പോലെയാണ് അ മലയും (ഇപ്പോൾ മലയെന്നു വിളിക്കാനാകുമോ..? ) കാതോർത്താൽ നിലവിളിയും തേങ്ങലും...
ഏതാനും ദിവസം കൊണ്ട് നിലം തൊടുന്ന ആ മലയേ മറ്റു പല പ്രമുഖരും കൊഞ്ചനം കുത്തുന്നതുപോലേ തോന്നി.മനസ്സിൽ പറഞ്ഞു

ഇല്ല നിന്നെയു വിടില്ല..ഇന്നിവൻ നാളെ; അങ്ങേയറ്റം പോയാൽ മറ്റന്നാൾ നീ..

യാത്ര മുന്നേിട്ട് നീങ്ങുകയാണ്.പണ്ടെന്നോ സ്ലെറ്റിൽ വരഞ്ഞിട്ട സൂര്യനുദിക്കുന്ന മലകളേ ആരോ ഇവിടെ കൊണ്ടുവച്ചത് പോലെ ..അത്ര ഉയരത്തിലാണിപ്പോൾ.ഒരുപക്ഷേ നാളെ ഈ മലകളും മാഞ്ഞു പോയാൽ ആ പഴയ സുര്യൻ എവിടെ പോയ് മറഞ്ഞിരിയ്ക്കും എന്നിലെ പരിഭവ കുഞ്ഞ് ഉണരുകയാണ്...

  

Written by,
Ebin PJ(U/O)
3rd Year
BA Economics