Sunday, 10 December 2017

Trekking day Experience

ബ്രഹ്മഗിരിയുടെ ഉയരങ്ങളിൽ...


നവംബർ 26! ഞങ്ങൾ, GCM ലെ NCC കേഡറ്റ്സ് നെഞ്ചോടു ചേർത്തുവയ്ച്ച ഒരു ദിനം. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഞങ്ങൾക്ക് ഈ ട്രക്കിംഗ്. മഞ്ഞണിഞ്ഞ വയനാടൻ മലനിരകൾക്ക് മാറ്റുകൂട്ടി തലയെടുപ്പോടെ നിൽക്കുന്ന വശ്യ സുന്ദരി, ഗവ: കോളേജ് മാനന്തവാടി. രാവിലെ കൂട്ടുകാർക്കൊപ്പം കോളേജിൽ നിന്നും ഭക്ഷണം കഴിച്ച് ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തുടങ്ങി. കോളേജ് സ്റ്റോപ്പിൽ ഞങ്ങൾക്ക് പോകുവാനുള്ള ബസ്സ് ഉണ്ടായിരുന്നു. യാത്രയിലുള്ള ആകാംഷയും ട്രക്കിംഗ് പൂർത്തിയാക്കുക എന്ന നിശ്ചയദാർഢ്യവും മനസ്സിൽ നിറഞ്ഞ് നിന്നതിനാലാവാം രാവിലത്തെ തണുപ്പ് ഞങ്ങൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. മാനന്തവാടിയിൽ നിന്നുമുള്ള യാത്ര അതിഗംഭീരം തന്നെ. കാട്ടിക്കുളം നിശബ്ദമായി പുഞ്ചിരിതൂകുന്ന ഒരു കന്യക തന്നെയെന്ന് നിസ്സംശയം പറയാം. റോഡിന് ഇരുവശവുമുള്ള കാട്, കാടിന് അരികിലൂടുള്ള ബസ്സ് യാത്ര നാടൻ പ്രദേശത്തുനിന്നും പോയ ഞങ്ങൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു. പുലരിയിൽ കാട്ടിൽ മേയുന്ന മാൻകൂട്ടങ്ങളും വനത്തിനുള്ളിലെ കാട്ടാനയും കണ്ണുകൾക്ക് കൗതുകമേകി. ഞങ്ങൾ കാണാത്ത മാർഗങ്ങളെ കാണിച്ചുതരാൻ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ശ്രമിച്ചു. അങ്ങനെ ആകാംഷ നിറഞ്ഞ ബസ്സ് യാത്ര അതിന്റെ സമാപ്തിയിൽ എത്തിയത് ബ്രഹ്മഗിരി മലകൾക്ക് താഴെ ട്രക്കിംഗ് ഏരിയ എന്ന് എഴുതി വച്ച ഒരു ബോർഡിന് താഴെ ആയിരുന്നു. തിരുനെല്ലി അമ്പലത്തിൽ നിന്നും തലയെടുപ്പോടെ നിൽക്കുന്ന ബ്രഹ്മഗിരി മലയെ ഞാൻ ഏറെ കൗതുകത്തോടെ നോക്കിയിട്ടുണ്ട്. റോഡിൽ നിന്നും ഞങ്ങൾ നടന്നു നീങ്ങിയത് തിരുനെല്ലി ഫോറസ്റ്റ് റെയ്ഞ്ച് ബംഗ്ലാവിന്റെ അടുത്തേക്കായിരുന്നു. ANO Lt. Dr. ഡെന്നി ജോസഫ് സാറിന്റെയും S U/O അമൽ രമേശിന്റെയും നിർദ്ദേശം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.


 ഞങ്ങളെപ്പോലെ തന്നെ ബ്രഹ്മഗിരിയുടെ ഭംഗി ആസ്വദിക്കാൻ വേറെയൊരു ടീം കൂടെ അവിടെയുണ്ടായിരുന്നു. ഞങ്ങളുടെ യാത്രയ്ക്ക് വഴികാട്ടികൾ ആയിരുന്നത് നാരായണേട്ടനും ചിന്നേട്ടനും ആയിരുന്നു. കാടിനെക്കുറിച്ചും അതിനെ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ചും ഞങ്ങൾക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചു. 3 കി.മീ വരെ നിബിഢ വനമാണെന്നും ഏറെ ശ്രദ്ധയോടെ വേണം നടന്നു നീങ്ങാൻ എന്നുമുള്ള കാര്യങ്ങൾ പറഞ്ഞു തന്നു. ബ്രഹ്മഗിരി എത്ര സുന്ദരി ആണെന്ന് തോന്നി. നിശബമായ കാടും അതിനു കുറുകെ വെള്ളിയരഞ്ഞാണം കെട്ടിയപോലുള്ള കാട്ടരുവിയും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ കാടിനുള്ളിൽ ഒരു മൃഗത്തെപ്പോലും കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുറച്ചു ദൂരം നടന്നപ്പോഴേക്കും ക്ഷീണം അനുഭവപ്പെട്ടു. എല്ലാവരും കൂടെ കൂട്ടം കൂടിയിരുന്ന് ഉണ്ണിയപ്പം ഒക്കെ കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ബ്രഹ്മഗിരി മലനിരകൾ തൊട്ടടുത്ത് എന്ന പോലെ കണ്ടു തുടങ്ങി. വയനാടിന്റെ മുഴുവൻ സൗന്ദര്യത്തേയും ആവാഹിച്ച അംബരചുംബിയായ മലനിരകൾ. ഏറെ ആകാംഷയോടെ... അതിനും മേലെ ഉറച്ച ലക്ഷ്യവുമായി തന്നെ ഞങ്ങൾ മലകയറാൻ തുടങ്ങി. പാതിവഴിയിൽ വച്ച് തന്നെ പലരും മടുത്തു. ഉദയ സൂര്യന്റെ കിരണങ്ങൾ ഒരു ദാക്ഷണ്യവും കൂടാതെ ഞങ്ങളിലേക്ക് പതിക്കുന്നുണ്ടായിരുന്നു. അതൊന്നും വക വയ്ക്കാതെ തളർന്ന് പോയവരെക്കൂടി കൈപിടിച്ച് എല്ലാവരും യാത്ര തുടർന്നു. തികച്ചും കുത്തനെയുള്ള കയറ്റങ്ങൾ ആയിരുന്നു. കയറ്റം കഠിനമെങ്കിലും ബ്രഹ്മഗിരിയെ കീഴടക്കുക എന്ന ആഗ്രഹത്തെ പാതി വഴിയിൽ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഉറച്ച ലക്ഷ്യത്തോടെ മുന്നോട്ടുവച്ച കാലുകൾ പിന്നോട്ടു വലിക്കാൻ ഞങ്ങൾ NCC ക്കാർക്ക് താൽപ്പര്യമില്ലായിരുന്നു. സുഖത്തിലും ദുഃഖത്തിലും ഒന്നിച്ചു നിൽക്കുന്ന ഞങ്ങൾക്ക് ലക്ഷ്യം എല്ലാവരുടേയും വിജയം മാത്രമായിരുന്നു. കത്തിയെരിയുന്ന ചൂടിലും മലമുകളിലെ ഇളംകാറ്റ് ഒരു സുഖാനുഭൂതി നൽകി.




 നാലു മലനിരകൾ കയറി എത്തുന്നത് ബ്രഹ്മഗിരി വാച്ച് ടവറിന് സമീപത്തായിരുന്നു. വാച്ച് ടവറിനു മേലെ നിന്നും ബ്രഹ്മഗിരിയെ നോക്കുമ്പോൾ ഇതാണോ സ്വർഗ്ഗം എന്ന് തോന്നിപ്പോകും. വാച്ച് ടവറിന് അരികിൽ നിന്നും സുവർണ്ണ നിമിഷങ്ങൾ എല്ലാം സെൽഫികളായി ഫോണിലും പിന്നെ ക്യാമറയിലും പകർത്തി. കാട്ടുതേങ്ങ, കാട്ടു ഈന്തപ്പഴം തുടങ്ങിയ പുതിയ ഫലങ്ങളെ കുറിച്ച് പഠിക്കാനും അവ കഴിക്കാനും സാധിച്ചു. ബ്രഹ്മഗിരി മലനിരകളെക്കുറിച്ച് ചിന്നേട്ടൻ വാതോരാതെ പറയുന്നുണ്ടായിരുന്നു. വെള്ളം വേണ്ടുവോളം കുടിച്ചും വിശ്രമിച്ചം ഏറ്റവും ഒടുവിൽ ഞങ്ങൾ ബ്രഹ്മഗിരി മലനിരകളുടെ ഉച്ചിയിൽ എത്തി. അവിടെയിരുന്ന് ഞങ്ങൾ ബ്രഹ്മഗിരിയുടെ മുഴുവൻ ഭംഗിയും ആസ്വദിച്ചു. അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ബ്രഹ്മഗിരിയുടെ അവിസ്മരണീയ ഭംഗിയെ ക്യാമറക്കണ്ണുകളും ഒപ്പിയെടുത്തു. പാറക്കല്ലുകൾക്ക് മേലെയിരുന്ന് താഴേക്ക് നോക്കിയപ്പോൾ അങ്ങകലെ ഏതോ ഒരു തരം ജീവിയെ കണ്ടു. ഡെന്നി സാറിന്റെ നിർദേശപ്രകാരം ക്യാമറയുടെ സഹായത്തോടെ അത് കേഴമാനിന്റെ കൂട്ടമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അങ്ങനെ മലനിരകളുടെ മുഴുവൻ ഭംഗിയും ആസ്വദിച്ച് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. അതിനിടയിൽ സങ്കടകരമായ എന്നാൽ പിന്നീടോർക്കുമ്പോൾ ചിരിക്കാൻ കഴിയുന്ന രസകരമായ ഒരു സംഭവം ഉണ്ടായി. പ്രിയ സുഹൃത്ത് ക്രിസ്റ്റഫർ മലമുകളിൽ എവിടെയോ ബാഗ് മറന്നുവച്ചു.  പിന്നെയും മല കയറി ബാഗും എടുത്ത് വന്നെങ്കിലും രണ്ടാമത് മല കയറിയതിന്റെ ക്ഷീണമൊന്നും അവനിൽ പ്രകടമായിരുന്നില്ല. അങ്ങനെ കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

 ഏഴ് മലനിരകൾ ഉള്ള ബ്രഹ്മഗിരിയെ ഒരുമയോടെ കീഴടക്കിയ സന്തോഷത്തോടെ വയനാടിന്റെ ആ വശ്യ സുന്ദരിയോട് യാത്ര പറഞ്ഞ് നാൽപ്പതോളും വിദ്യാർത്ഥികളും സ്റ്റാഫും അടങ്ങുന്ന ഞങ്ങളുടെ സംഘം മടക്കയാത്ര തുടങ്ങി... ബ്രഹ്മഗിരി നൽകിയ ചൂരും ചൂടും നേഞ്ചോടു ചേർത്ത് തിരിച്ചെത്തിയ ഞങ്ങളെ സ്വാഗതം ചെയ്യാൻ നിഷ്കളങ്കമായ പുഞ്ചിരിയുമായി കാത്തു നിൽപ്പുണ്ടായിരുന്നു നമ്മുടെ GCM...


അനുശ്രീ H. M
3 rd ബി.കോം
ഗവ: കോളേജ് മാനന്തവാടി

2 comments:

  1. Feeling happy to hear that you guys are taking our GCM NCC unit to a whole new level... You're doing it awesomely.. congrats

    ReplyDelete
  2. This comment has been removed by the author.

    ReplyDelete